കൊച്ചി: മുത്തൂറ്റ് ഫിനാന്‍സ് നടപ്പ് സാമ്പത്തികവര്‍ഷം ആദ്യപകുതിയില്‍ 4391 കോടി രൂപയുടെ അറ്റാദായം കൈവരിച്ചു. കഴിഞ്ഞവര്‍ഷം ഇതേ കാലയളവിൽ 2330 കോടി രൂപയായിരുന്നു അറ്റാദായം. 88 ശതമാനം വര്‍ധനവാണു കമ്പനി കൈവരിച്ചത്.
മുത്തൂറ്റ് ഗ്രൂപ്പ് കൈകാര്യം ചെയ്യുന്ന സംയോജിത വായ്പാ ആസ്തികള്‍ 42 ശതമാനം വാര്‍ഷിക വര്‍ധനയോടെ എക്കാലത്തെയും ഉയര്‍ന്ന നിലയായ 1,47,673 കോടി രൂപയിലും സംയോജിത ലാഭം 4,386 കോടി രൂപയിലുമെത്തി.
74 ശതമാനം വാര്‍ഷിക വര്‍ധനയാണിത് സൂചിപ്പിക്കുന്നത്. മുത്തൂറ്റ് ഫിനാന്‍സിന്റെ മാത്രം വായ്പകള്‍ 1,32,305 കോടി രൂപയിലെത്തി. എക്കാലത്തെയും ഏറ്റവും ഉയര്‍ന്ന നിലയിലുള്ള 47 ശതമാനം വര്‍ധനയാണ് ഇക്കാര്യത്തില്‍ ഉണ്ടായിട്ടുള്ളത്.
സ്വര്‍ണപ്പണയ വായ്പകളുടെ കാര്യത്തില്‍ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടമായ 45 ശതമാനം കമ്പനി കൈവരിച്ചു. ഇതോടെ സ്വര്‍ണപ്പണയ വായ്പകള്‍ 1,24,918 കോടി രൂപയെന്ന നേട്ടവും കൈവരിച്ചതായി അധികൃതർ പറഞ്ഞു. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപകുതിയില്‍ കമ്പനി പുതിയതായി 133 ശാഖകള്‍ തുറന്നെന്ന് ചെയര്മാന് ജോര്‍ജ് ജേക്കബ് മുത്തൂറ്റ് പറഞ്ഞു.